നെന്മാറ: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ പോത്തുണ്ടി–നെല്ലിയാമ്പതി ചുരംപാതയിൽ മരപ്പാലത്തിന് സമീപം കൂറ്റൻ മരം റോഡിന് കുറുകെ വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. മഴ ശക്തമായ സാഹചര്യത്തിൽ അപ്രതീക്ഷിതമായി മരം വീണതോടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് ഒന്നരമണിക്കൂറോളം ചുരംപാത വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. വിവരം ലഭിച്ച ഉടൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഏറെ ശ്രമത്തിനൊടുവിൽ മരം റോഡിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംഭവത്തിൽ ആളപായമോ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
നെന്മാറയിൽ നിന്ന് കാരപ്പാറ വരെയുള്ള പ്രധാന പാതയായ പോത്തുണ്ടി–നെല്ലിയാമ്പതി ചുരംപാതയിൽ മഴക്കാലം ആരംഭിച്ചതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ, പാറകൾ റോഡിലേക്ക് പതിക്കൽ, വൻമരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ സംഭവങ്ങൾ പതിവാകുന്നതായി യാത്രക്കാരും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി ആശ്രയിക്കുന്ന ഈ പാതയിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.
മഴക്കാലം കണക്കിലെടുത്ത് അപകടസാധ്യതയുള്ള മരങ്ങൾ മുൻകൂട്ടി കണ്ടെത്തി മുറിച്ചുമാറ്റുക, ചുരംപാതയിലെ ദുർബല മേഖലകളിൽ നിരന്തര നിരീക്ഷണം ഏർപ്പെടുത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇതിനിടെ മഴക്കാല ദുരന്തസാധ്യതകൾ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകളും ദുരന്ത നിവാരണ സംവിധാനങ്ങളും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ജനതാദൾ നെല്ലിയാമ്പതി യൂണിറ്റ് ആവശ്യപ്പെട്ടു.
ചുരംപാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ പരമാവധി ഒഴിവാക്കുന്നതിനുമായി സ്ഥിരമായ നിരീക്ഷണവും അടിയന്തര പ്രതികരണ സംവിധാനവും ഒരുക്കണമെന്നും യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.